കുട്ടപ്പന്‍ റോക്ക്സ്....

കുട്ടപ്പന്‍....., യുക്തിവാദികളില്‍ വച്ച് യുക്തിവാദിയും സോഷ്യലിസ്റ്റ്‌കാരില്‍ വച്ച് അഭിനവ കാരല്‍മാക്സും, സര്‍വോപരി സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക, സാംസ്കാരിക ബോധമുള്ള ഒരു ഇന്ത്യന്‍ പൌരന്‍ കൂടി ആയിരുന്നു. .....കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്ടോ മൂന്നുവട്ടം വായിച്ചിട്ടുണ്ട്, പിന്നെ ദാസ്‌ കാപിടല്‍, നിന്ദിതരും പീഡിതരും, അമ്മ (എന്ടമ്മോ...) ഇതൊക്കെ വായിച്ചു ആവേശഭരിതന്‍ ആയ കുട്ടപ്പന്‍ റഷ്യന്‍ ഭാഷ പഠിക്കാന്‍ ഒരു ശ്രമം നടത്തി. ഇംഗ്ലീഷില്‍ എഴുതി പേപ്പര്‍ തല കീഴായി പിടിച്ചു കണ്ണാടിയില്‍ നോക്കിയാല്‍ കാണുന്നതാണ് റഷ്യന്‍ എന്ന് തന്റെ യുക്തിവാദഗുരുവും സ്ഥലത്തെ പ്രധാന ബുദ്ധിജീവിയും ആയ കാരക്കുടിയില്‍ കുമാരന്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇംഗ്ലീഷ് വലിയ വശം ഇല്ലാത്തതുകൊണ്ടും, താത്വിക മായി നോക്കുമ്പോള്‍ കണ്ണാടി ഒരു ബൂര്‍ഷ്വാ ഉപകരണം ആയതുകൊണ്ടും, ആ ശ്രമം ഉപേക്ഷിച്ചു. റഷ്യന്‍ പൌരത്വം കിട്ടുന്നതിനായി പുടിന് നേരിട്ട് മെയില്‍ അയക്കുക. ഫിദല്‍ കാസ്ട്രോക്ക് രാഷ്ട്രീയവും നയതന്ത്രപരവും ആയ തീരുമാനങ്ങള്‍ക്ക് അഭിനന്ദനകത്ത് അയച്ചു കൊടുക്കുക, ഹുഗോ ഷാവേസിന്റെ വീട്ടിലേക്കു വഴുതനയും ചീരയും അയച്ചു കൊടുക്കുക(ആശാന് ആരോ അയച്ചു കൊടുത്ത റേഡിയേഷന്‍ കലര്‍ന്ന പച്ചക്കറി കഴിച്ചു പണി കിട്ടി എന്നറിഞ്ഞ ശേഷം അങ്ങേരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കുട്ടപ്പന്‍ വേറെ വഴി ഒന്നും കണ്ടിരുന്നില്ല). തുടങ്ങിയ കലാപരിപാടികള്‍ കുട്ടപ്പന്റെ ദിനചര്യയുടെ ഭാഗം ആയിരുന്നു.

ഇന്ത്യ മഹാരാജ്യത്തിന്റെ സമൂലവികസനത്തിനും സര്‍വോപരി സര്‍വതോന്മുഖമായ പുരോഗമനത്തിനും അവശ്യം വേണ്ട ഘടകങ്ങളെ കുറിച്ച് കുട്ടപ്പന്‍ തന്റെ കുട്ടിത്തല ആലോചിച്ചു പുകക്കാറുണ്ട്, കുട്ടപ്പന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ഈ അവസ്ഥയുടെ പ്രധാന കാരണം, അന്ധവിശ്വാസവും അനാചാരങ്ങളും സര്‍വോപരി ആള്‍ദൈവങ്ങളില്‍ ഉള്ള വിശ്വാസങ്ങലും ആണ്, കുട്ടപ്പന്‍ ഒരുപാട് അല്ഭുതപ്പെട്ടിട്ടുണ്ട്, എന്തിനാണ് ഈ 21 നൂറ്റാണ്ടില് ആളുകള്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു പുറകെ എന്ന്. പിന്നെ തനിക്കും തന്നെപ്പോലുള്ള കുറച്ചു പേര്‍ക്കും വകതിരിവ് ഉണ്ടായത് കൊണ്ട് ഭാഗ്യം, അല്ലെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ അവസ്ഥ..ഹോ ആലോചിക്കുമ്പോള്‍ തന്നെ പേടി കൊണ്ട് കാലും കയ്യും വിറക്കുന്നു.. താന്‍ പണ്ടേ യുക്തി ഉപയോഗിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്തു, ആശയങ്ങളെ താത്വികമായി മനസ്സിലാക്കിയും, പ്രാവര്‍ത്തികമായി അനുവര്‍ത്തിച്ചും ജീവിച്ചു പോകുന്നത് കൊണ്ട്, ഈ ആള്‍ദൈവ ലോബിയുടെ വലയത്തില്‍ നിന്നും അതിസമര്‍ത്ഥമായി രക്ഷപ്പെടുന്നു (അത് പിന്നെ ഞാന്‍ ഒരു സംഭവം അല്ലെ..എന്നെ സമ്മതിക്കണം)..

ഹഹ്ഹ്മം... അല്ലെങ്കില്‍ തന്നെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചു ജീവിക്കുന്ന എന്നോടാണ് കുറെ ഭസ്മവും പൂവും കൊണ്ട് കളി.. ഇച്ചിരി പുളിക്കും...

കുട്ടപ്പന്റെ ഇഷ്ടദൈവം അല്ബെര്റ്റ്‌ ഐന്‍സ്ടീന്‍ ആയിരുന്നു. എവിടെപോയാലും ഐന്‍സ്ടീനെ പറ്റി രണ്ടു വാക്ക് സംസാരിക്കാതെ കുട്ടപ്പന് ഉറക്കം വരില്ല. എന്ത് പറയുമ്പോളും.. ഇതൊക്കെ ആപേക്ഷികതാ സിദ്ധാന്തത്തില്‍ ഐന്‍സ്ടീന്‍ പറഞ്ഞതാ എന്ന് തുടങ്ങി, ഒടുവില്‍ അറ്റംബോംബിലെത്തി ഹിരോഷിമയുടെയും നാഗസാക്കിയുടെയും കവര്‍സ്റ്റോറി കൂടെ കവര്‍ ചെയ്തെ കുട്ടപ്പന്‍ തന്റെ വാചകമേള നിര്‍ത്തൂ. പിന്നെ വേറെ ഒരു കാര്യം. എന്താ ആപേക്ഷികതാ സിദ്ധാന്തം എന്നൊന്നും കുട്ടപ്പനോട് ചോദിക്കരുത്.. കാരണം അത് കുട്ടപ്പന് അറിയില്ല.. അറിയില്ലെങ്കില്‍ പിന്നെ ഇതൊക്കെ വിശ്വസിക്കുന്നത് അന്ധവിശ്വാസം അല്ലെ എന്ന് ചോദിച്ചാല്‍....... കണ്ടുപിടിച്ചത് ഐന്‍സ്ടീന്‍ ആയതുകൊണ്ട് താന്‍ വിശ്വസിക്കും എന്ന് കുട്ടപ്പന്‍ തറപ്പിച്ചു പറയും..(ഐന്‍സ്ടീനു തെറ്റ് പറ്റാനോ.. നടക്കുന്ന കാര്യം വല്ലോം പറ എന്റെ ഇഷ്ടാ...). ശാസ്ത്രതിലുള്ള കുട്ടപ്പന്റെ വിശ്വാസം പാറ പോലെ ഉറച്ചതായിരുന്നു. അതിഭൌതികവാദം, ക്വാണ്ടം മെക്കാനിക്സ്, തമോഗര്‍ത്തങ്ങള്‍ തുടങ്ങിയ പദങ്ങളുടെ വലിയ ഒരു ആരാധകനും. പത്താം ക്ലാസ്സിനു ശേഷം ഭൌതികശാസ്ത്രം പഠിക്കാത്തത് കൊണ്ട് ഇതൊന്നും മനസ്സിലാക്കാനുള്ള ത്രാണിയോ മൂണയോ ഇല്ലായിരുന്നു. പക്ഷെ അതുകൊണ്ടെന്താ ഇതൊക്കെ ശാസ്ത്രം അല്ലെ.. അപ്പൊ പിന്നെ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ.. പിന്നെ വിവരമില്ലാത്ത നാട്ടാരുടെ മുന്നില്‍ വിവരമുണ്ടെന്ന് കാണിക്കാന്‍ ഇതൊക്കെ അറിയാമെന്ന് നടിച്ചാല്‍ മതി എന്ന് യുക്തിവാദസ്റ്റഡി ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്.

ഇനി അടുത്ത പ്രഹേളിക. കുട്ടപ്പന്റെ ദൈവവിശ്വാസം. ആള്‍ യുക്തിവാദി എന്ന് അവകാശപ്പെടുമെന്കിലും, ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍, ഏതോ ഒരു ശക്തി.. എവിടെയോ എന്തൊക്കെയോ..ചെയ്തുകൊണ്ട്..എങ്ങനെയൊക്കെയോ.. . എന്തിനോക്കെയോ വേണ്ടി.. കാണാന്‍ സാധിക്കാത്ത, മണക്കാന്‍ സാധിക്കാത്ത, എന്നാല്‍ തൊടാനോ നുള്ളാനോ സാധിക്കാത്ത, ഒരു പ്രത്യേകതരം സാധനം. അതാണ്‌ ദൈവം എന്ന് കുട്ടപ്പന്‍ പറയും. അങ്ങനെ ഒരു സാധനം ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ പറ്റാത്തത് കൊണ്ടാണ്, താന്‍ കണ്‍ഫ്യൂഷന്‍ അടിച്ചു നിരീശ്വരവാദി ആയതെന്നാണ്‌ കുട്ടപ്പന്റെ യുക്തി. ഇത്രയും കഷ്ടപ്പെട്ട് ഈശ്വരനില്‍ വിശ്വസിക്കുന്നതിലും ഭേദം അല്ലെ ഈശ്വരന്‍ ഇല്ല എന്ന് പറയുന്നത്. "ഉഷ്ണം ഉഷ്ണേന ശാന്തി..". പിന്നെ പ്രപഞ്ചം എങ്ങനെ ഉണ്ടായി..പ്രപഞ്ചത്തില്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്നൊക്കെ വിശദീകരിക്കുന്നതിനു, ദൈവത്തിന്റെ സപ്പോര്‍ട്ട് ഒന്നും വേണ്ടാ. എപ്പോഴോ ഒരിക്കല്‍ കുറേ പാറക്കൂട്ടങ്ങളും പൊടിപടലങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഒരു വലിയ ഗോളം ഉണ്ടായി (പറഞ്ഞു വരുമ്പോള്‍ നാരായണേട്ടന്റെ പെട്ടിപ്പീടികയിലെ ഉണ്ടന്‍പൊരിയുടെ ഷേപ്പില്‍ വരും) പിന്നെ എങ്ങനെയോ അത് പൊട്ടിത്തെറിച്ചു.. അങ്ങനെ ഉരുണ്ടുകൂടി അത് ഭൂമിയായി, പിന്നെ ഒരു ഇടിമിന്നല്‍ വന്നു വെള്ളത്തില്‍ തട്ടിയപ്പോള്‍ ജീവന്‍ ഉണ്ടായി.. അതിനു കുറെ മാറ്റങ്ങള്‍ സംഭവിച്ചു..ഒടുക്കം കുറെ ജീവികള്‍ ഉണ്ടായി.(ഹാവൂ.... എന്തൊരു യുക്തിഭദ്രമായ ശാസ്ത്രീയ വിശദീകരണം.. ഇനി എന്നെ ഒന്നുകൂടെ സമ്മതിക്കണം)..

അന്ന് ഒരു ദിവസം ചില ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി കുട്ടപ്പന്‍ യാത്രയില്‍ ആയിരുന്നു. ഒരു വര്‍ക്കിംഗ്‌ ഡേ ആയതിനാലും അടുത്ത് വേറെ അവധി ദിവസങ്ങള്‍ ഇല്ലാത്തതിനാലും ട്രെയിനില്‍ തിരക്ക് നന്നേ കുറവും. സ്ടേഷനിലെ ചായക്കടയില്‍ നിന്നും ചായയും ഒരു സുഖിയനും കഴിച്ചു കുട്ടപ്പന്‍ വണ്ടിയില്‍ കയറി. നല്ല തണുത്ത കാറ്റും.. ചൂട് സുഖിയനും. കുട്ടപ്പന് ചെറുതായി ഒരു മയക്കം വരുന്ന പോലെ...

--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

കണ്‍തുറന്നു കുട്ടപ്പന്‍ നോക്കിയപ്പോള്‍ ദേ ഇരിക്കുന്ന തന്റെ അടുത്ത സീറ്റില്‍ പ്രശസ്തനായ ഒരു ആള്‍ദൈവം, കുട്ടപ്പന്‍ ഞെട്ടി!.. ആള്‍ദൈവം അതും തന്റെ അടുത്ത്. ഇത് എന്തൊരു മറിമായം!!... ആള്‍ ഒറ്റക്കാണ്. പരിവാരങ്ങള്‍ ഇല്ല. കൂടെ ചെറിയ ഒരു തോള്‍സഞ്ചി മാത്രം. ജനാലയോട് അടുത്തുള്ള സീറ്റില്‍പുറത്തേക്കു കാഴ്ചകള്‍ നോക്കി ഇരിക്കുന്നു. കുട്ടപ്പന് കഠിനമായ പുച്ഛം തോന്നി. ഈ ആള്ദൈവത്തിനു വേറെ സീറ്റൊന്നും കിട്ടിയില്ലേ ഇവിടെ വന്നിരിക്കാന്‍. പിന്നെ ഒട്ടും മൈന്‍ഡ് ചെയ്യാതിരിക്കാം. പരിഗണന കിട്ടതിരിക്കുമ്പോള്‍ എഴുന്നേറ്റു പോകുമായിരിക്കും. കുട്ടപ്പന്‍ ആളെ കണ്ട ഭാവം നടിച്ചില്ല. നേരം കുറച്ചങ്ങനെ പോയി, കുട്ടപ്പന്‍ വീണ്ടും തിരിഞ്ഞു നോക്കി. യാതൊരു ഭാവഭേദവും ഇല്ലാതെ ആള്‍ദൈവം അതെ ഇരുപ്പാണ്. കുട്ടപ്പന്‍ ഒളികണ്ണിട്ടു ആള്‍ദൈവത്തെ കുറച്ചു നേരം നോക്കി.. ഹം..മ്.. വിശ്വാസത്തിന്റെ പേരും പറഞ്ഞു മനുഷ്യനെ പറ്റിക്കാന്‍ നടക്കുന്ന ടീംസ്..എന്നോടാ കളി ഏതായാലും എന്റെ മുന്‍പില്‍ വന്നു വീണതല്ലേ ഒന്ന് ചൊറിഞ്ഞു വിടാം.

കുട്ടപ്പന്‍ പതിയെ ആള്‍ദൈവത്തിന്റെ അടുത്തെക്കിരുന്നു. ശ്രദ്ധ ആകര്‍ഷിക്കാന്‍ പതിയെ ഒന്ന് ചുമച്ചു..

ആള്ദൈവത്തിനു യാതൊരു ഭാവഭേദവും ഇല്ല.. പുറത്തേക്കു നോക്കി ശാന്തനായിരിക്കുന്നു.

കുട്ടപ്പന്‍:"എക്സ് കുസ് മി. താങ്കള്‍ ___________ എന്ന സ്വാമി അല്ലെ.."

ആള്‍ദൈവം തിരിഞ്ഞുനോക്കി.. എന്നിട്ട് അതെ എന്നാ ഭാവത്തില്‍ തലകുലുക്കി.

കുട്ടപ്പന്‍ അഭിമാനത്തോടെ, "ഞാന്‍ കുട്ടപ്പന്‍, സ്ഥലം കോഴിക്കൊട്ടിനടുത്താണ്.. സ്ഥലത്തെ യുക്തിവാദ സംഘം പ്രസിടന്റാണ്."

ആള്‍ദൈവം ഒന്ന് കുട്ടപ്പന്റെ മുഖത്ത് നോക്കി. പിന്നെ ഭാവഭേദം ഇല്ലാതെ പുറത്തു നോക്കിയിരുന്നു.

പക്ഷെ കുട്ടപ്പന് വിടാന്‍ ഭാവമില്ല..."അല്ലാ... സ്വയം ഒരു ദൈവം എന്നൊക്കെ പറഞ്ഞു നടക്കുമ്പോള്‍ താങ്കള്‍ക്കു ഒരു ലജ്ജ തോന്നാറില്ലേ.. (നാണമില്ലെടോ തനിക്ക് ദൈവം എന്നും പറഞ്ഞു നടക്കാന്‍ എന്നതിന്റെ.. മാധ്യമാഭാഷ).

ആള്‍ദൈവം ചോദ്യം കേട്ട ഭാവം നടിച്ചില്ല. കുട്ടപ്പന്‍ ചോദ്യം റിപീറ്റ്‌ ചെയ്തു.

ആള്‍ദൈവം: "ആട്ടെ.. ഞാന്‍ ദൈവം ആണെന്ന് ആരാ താങ്കളോട് പറഞ്ഞത്."

കുട്ടപ്പന്‍: "അത് പിന്നെ.. നാട്ടിലുള്ള താങ്കളുടെ ഭക്തര്‍ ഒക്കെ അങ്ങനെ പറഞ്ഞു നടക്കുന്നുണ്ടല്ലോ, പിന്നെ പോരാഞ്ഞ് മാധ്യമങ്ങളും, താങ്കളുടെ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളെ പറ്റി വാ തോരാതെ സംസാരിക്കുന്നു."

ആള്‍ദൈവം: "അവര്‍ ആണ് ഇത് പറഞ്ഞതെങ്കില്‍, ഈ ചോദ്യംഅവരോടു തന്നെ ചോദിക്കുന്നതല്ലേ ബുദ്ധി. "

കുട്ടപ്പന്‍ മിണ്ടിയില്ല. ഇങ്ങേരെ പ്രകോപിപ്പിക്കാന്‍ ഇതൊന്നും പോരാ..

കുട്ടപ്പന്‍: "താങ്കള്‍ക്ക് വിദേശങ്ങളില്‍ നിന്നും ധാരാളം സഹായം കിട്ടുന്നുണ്ടല്ലോ. കൂടാതെ താങ്കള്‍ക്ക്‌ മയക്കുമരുന്ന് കച്ചവടവും, കിഡ്നി കച്ചവടവും ഉണ്ട് എന്നും കേള്‍ക്കുന്നു."

ആള്‍ദൈവം ഒന്നും മിണ്ടിയില്ല. അക്ഷോഭ്യനായി പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.

കുട്ടപ്പന്‍ വിട്ടില്ല (അക്ഷോഭ്യത ആള്‍ദൈവങ്ങളുടെ മുഖമുദ്ര ആണ്, ഇക്കൂട്ടര്‍ ക്ഷോഭിക്കാതിരിക്കാന്‍ അമേരികയില്‍ നിന്നും ഇറക്കുമതി ചെയ്ത ഒരു പ്രത്യേകതരം ഇന്‍ജക്ഷന്‍ കുത്തിവെക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്...ഇതൊക്കെ അറിയുന്ന എന്നോടാണോ കളി... ഇച്ചിരി പുളിക്കും). കുട്ടപ്പന്‍ വീണ്ടും ചോദിച്ചു.

ആള്‍ദൈവം: "മയക്കുമരുന്ന് ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. കിട്ടുമ്പോള്‍ തരാം. മാത്രമല്ല ഇന്ന് കിട്ടിയ കിഡ്നികളെല്ലാം ഞാന്‍ രാവിലെ ബ്രേക്ക്‌ഫാസ്റ്റിന്റെ കൂടെ കഴിച്ചും പോയി."

ഇങ്ങേരോട് ഈ നമ്പര്‍ പറ്റില്ല.. കുട്ടപ്പന്‍ ചിന്താധീനനായി. ഇനി സ്വല്പം ജനറല്‍ നോളജ് അടിച്ചു നോക്കാം.

കുട്ടപ്പന്‍: "താങ്കള്‍ക്കറിയുമോ.. ലോകത്തിലെ പ്രശസ്ത ശാസ്ത്രജ്ഞര്‍.. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇവര്‍ ഒക്കെ നിരീശ്വര വാദികള്‍ ആയിരുന്നു. വകതിരിവും ബുദ്ധിയും ഉള്ളവര്‍ക്കുല്ലതാണെയ്.. ഈ മേഖല. IQ മിനിമം 148 എങ്കിലും ഇല്ലെങ്കില്‍ ഒരു യുക്തിവാദി ആകാന്‍ കഴിയില്ല."

ആള്‍ദൈവം ഒന്നും മിണ്ടിയില്ല. പുഞ്ചിരിച്ചു കൊണ്ട് പുറത്തേക് നോക്കി നില്‍ക്കുന്നു.

കുട്ടപ്പന് വിടാന്‍ ഭാവമില്ല. "നോക്കൂ ഈ ലോകത്ത്‌ എന്തൊക്കെ അക്രമങ്ങള്‍ നടക്കുന്നു. മതത്തിന്റെ പേരില്‍.. ഈ മതം ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു. എന്തൊരു സുന്ദരം ആകുമായിരുന്നു ഈ ലോകം. "

ആള്‍ദൈവം ഒന്നും മിണ്ടിയില്ല. കുട്ടപ്പന്‍ അക്ഷമനായി.

കുട്ടപ്പന്‍: "താങ്കള്‍ ഒന്നും പറഞ്ഞില്ല."

ആള്‍ദൈവം: "അക്രമവാസന ഉള്ള മനുഷ്യന്, സംഘര്‍ഷത്തിന് മതം തന്നെ വേണം എന്നില്ല കുഞ്ഞേ..മതം ഒരു നിമിത്തം മാത്രം. മതമില്ലായിരുന്നെന്കില്‍ വേറെ വല്ലതും..ഗോത്രം, ഭാഷ, നിറം, ലിംഗം, ദേശം, രാഷ്ട്രീയം, ഇങ്ങനെ പലതും. ഒരു വ്യവസ്ഥാപിത മതവും അക്രമം ഉപദേശിക്കുന്നില്ല. പിന്നെ ലോകത്തിലെ രണ്ടു മഹായുദ്ധങ്ങളും മതത്തിന്റെ പേരില്‍ അല്ല ഉണ്ടായത്."

കുട്ടപ്പന്‍: "എങ്കിലും മതത്തിന്റെ പേരില്‍ ഉള്ള സംഘര്‍ഷം കുറയുമായിരുന്നില്ലേ."

ആള്‍ദൈവം: "കുറയും കുഞ്ഞേ... പക്ഷെ അതിനു ബദലായി അത്.. മറ്റൊരു രീതിയില്‍ മറ്റൊരു വേര്‍തിരിവിന്റെ പേരില്‍ അതെ അളവില്‍ തിരിച്ചു വരും" ചിരിച്ചുകൊണ്ട് : "അനേകം സാധ്യതകളില്‍ നിന്നും ഒരു സാധ്യത ഒഴിവാക്കിയാല്‍ പ്രശങ്ങള്‍ കുറയുമെന്നത് ഒരു മണ്ടത്തരം മാത്രമാണെന്ന കാര്യം, താങ്കളെ പോലെ IQ കൂടിയവര്‍ക്ക് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല."

കുട്ടപ്പന്‍: "എങ്കില്‍ പിന്നെ ഈ മതങ്ങളില്‍ തന്നെയുള്ള ആശയങ്ങള്‍ പരസ്പരവൈരുധ്യങ്ങള്‍ ആകുന്നത് എങ്ങനെ. അതുകൊണ്ടാണല്ലോ ഇത്രയും സംഘര്‍ഷങ്ങള്‍."

ആള്‍ദൈവം: "ആശയങ്ങളിലെ വൈരുധ്യം ഉപരിപ്ലവം മാത്രമാണ്. ഗഹനമായ ഒരു പഠനം നടത്തി നോക്കൂ. അല്‍പജ്ഞാനികള്‍ ആണ് വിടുവായത്തം പുലമ്പുന്നത്."

കുട്ടപ്പന്‍ മനസ്സില്‍ കളി തുള്ളി. (ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്..എന്നെ മാത്രം ഉദ്ദേശിച്ചാണ്). താടിക്കാരനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല.

കുട്ടപ്പന്‍: "എങ്കിലും മതത്തിന്റെ പേരില്‍ ചൂഷണം നടത്തുന്ന, പാവം വിശ്വാസികളുടെ സമ്പത്ത് ചോര്‍ത്തുന്ന ഈ പഴഞ്ചന്‍ മാമൂലുകളെ ബുദ്ധിയുള്ള ഒരുത്തനും അംഗീകരിക്കാന്‍ പറ്റില്ല."

ആള്‍ദൈവം: "ചൂഷകരെയും വഞ്ചകരെയും തിരിച്ചറിയാന്‍ ഉള്ള ബുദ്ധിയും ദൈവം തന്നെ തന്നിട്ടുണ്ട്, നാട്ടില്‍ കള്ളനോട്ടുകള്‍ ഒരുപാട് ഇറങ്ങുന്നു എന്ന് വച്ച്, കറന്‍സി നോട്ടുകള്‍ നിരോധിക്കണം എന്ന് ആരും നിലവിളിക്കുന്നില്ലല്ലോ."

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. ആള്ദൈവത്തോട് തര്‍ക്കിക്കാന്‍ കുട്ടപ്പന്‍ തലപുകഞ്ഞു ആലോചിച്ചു. ആ ആലോചന നീണ്ട ഒരു നിദ്രയില്‍ കലാശിച്ചു.

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ആള്‍ക്കാരുടെ കലപില ശബ്ദം കേട്ട് കുട്ടപ്പന്‍ ഞെട്ടി എണീറ്റു. കമ്പാര്‍ട്ട്മെന്റ് മുഴുവന്‍ യാത്രക്കാര്‍. സൂചി കുത്താന്‍ പോലും ഇടമില്ല. മുന്‍പിലെ സീറ്റില്‍ ആള്‍ദൈവം ഇല്ല. ആള്‍ വഴിക്കെവിടെയെങ്കിലും ഇറങ്ങിക്കാണണം... ആള്ദൈവത്തോട് ചോദിക്കാന്‍ തന്റെ കയ്യില്‍ ഇനിയും ഒരു ഡസന്‍ ചോദ്യങ്ങള്‍ ഉണ്ട്, ഹം.. പഹയന്‍ തക്ക സമയത്ത് പേടിച്ചു മുങ്ങിക്കളഞ്ഞു.. അല്ലേലും കുട്ടപ്പനോടാ കളി.....കുട്ടപ്പന്‍ ആരാ മോന്‍....



















No posts.
No posts.